Sunday, November 22, 2009

സുന്ദരികളും സുന്ദരന്മാരും

"സുന്ദരികളും സുന്ദരന്മാരും" ഉറൂബ്‌ എട്ടു മാസം കൊണ്ടു എഴുതിയെങ്കിൽ, അതു വായിച്ചു തീർക്കാൻ എനിക്കു പത്തു മാസം വെണ്ടി വന്നു. ഭൂമിയ്ക്കു 30,000 അടി മുകളിൽ, സാൻ ഫ്രാൻസിസ്ക്കൊയുടെ മുകളിൽ വെച്ചാണു് ഞാൻ അതു തീർത്തത്‌. ഈ പത്തു മാസത്തിനിടയിൽ വേറെ പലതും വായിച്ചെങ്കിലും, ഒന്നും ഈ നൊവലിന്റെ ഏഴയലത്തു പോലും എത്തിയില്ല എന്നു തോന്നി. രണ്ടു ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ നടന്ന സംഭവങ്ങളാണ് നോവലിന്നാധാരം. 60 ലധികം വർഷം പഴക്കമുണ്ടെങ്കിലും, അവികലമായ ഈ നോവലിന്റെ ചിത്രീകരണം, ഇപ്പൊഴത്തേ പ്രശ്നങ്ങളെയും എടുത്തു കാണിയ്ക്കുന്നു. വെറുതേ വായിച്ചുവിടുന്നതിനു പകരം, ഉത്തരങ്ങളെ കണ്ടെത്താനുള്ള എന്റെ ശ്രമങ്ങള്‍, കൂടുതൽ ചോദ്യങ്ങളിലാണ് അവസാനിച്ചത്‌. പരിഹാരങ്ങള്‍ , വായനക്കാരന്റെ അനുഭവങ്ങളോട് , ഇഴ ചേർന്നു കിടക്കുന്നു. അതിനാൽ, പല വായനക്കാർ കണ്ടെത്തുന്ന ചൊദ്യങ്ങളും ഉത്തരങ്ങളും വ്യത്യസ്തമായിരിക്കും. പക്ഷെ, ജീവിതത്തിന്റെ ശാശ്വതമായ ചാക്രികത, അവയിലെ പൊതു തത്വമായി വർത്തിയ്ക്കുന്നു. ചുറ്റുപാടുകൾക്കനുസ്രുതമായ മാറ്റത്തെ മനസ്സിലാക്കുകയും, അതിജീവനത്തിനായി അതിലലിയുകയും ചെയ്യുന്ന പല കഥാ പാത്രങ്ങളെയും ഉറൂബ്‌, കാട്ടിത്തരുന്നു. ഈ നൊവലിൽ, നായകനൊ, നായികയൊ ഇല്ല. പേരിനേ അന്വർഥമാക്കുന്നവിധം, എല്ലാവരും, സൌന്ദര്യധാമങൾ തന്നെ. അതു കൊണ്ടു തന്നെ, തുടക്കത്തിൽ, കേന്ദ്രകഥാപാത്രങൾ, അവരെ പൊതിഞ്ഞു നിൽക്കുന്നവരിലൂടെയാണു്, വ്യക്തമാക്കപ്പെടുന്നത്‌. വ്യക്തിപരമായി, സുലൈമാനെയാണു് എനിയ്ക്കു് ഇഷ്ടപ്പെട്ടത്‌. തലമുറകളുടെ പരിവർത്തനം, ധനവാൻചയേയും, താൻപോരിമയേയും മാത്രം മാറ്റുന്നില്ല. അവ, വിശ്വം അന്വേഷിച്ച, "ഭൂമിയുടെ അറ്റം" വരെ നീണ്ട്‌ നിലനിൽക്കുന്നു എന്ന പാഠം നൽകി നൊവൽ അവസാനിയ്ക്കുന്നു.

Tuesday, August 18, 2009

ആശാഭംഗം

ഇരുണ്ട ആകാശത്തിന് കീഴെ ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. തണുത്ത കാറ്റ്, മനസ്സിലെ മഴമേഘങ്ങളില്‍ ഇടിമുഴക്കങ്ങള്‍ ഉളവാക്കി. കാറ് മുന്നോട്ട് പോകാന്‍ തുടങ്ങി. പക്ഷെ മനസ്സു പിറകോട്ടും. ആലപ്പുഴയിലെ വീട്ടിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം ചുവന്നിരുണ്ട ഓടുകള്‍ കൊണ്ട് പാകിയിരുന്നു. ഓടുകള്‍ക്കിടയിലൂടെയുള്ള പോഴികളിലൂടെ മഴവെള്ളം ഊര്‍ന്നിറങ്ങി മണ്ണില്‍ ഒറ്റ വരിയില്‍ പൂക്കള്‍ തീര്‍ത്തു. പുതുമഴയില്‍ ആ പൂവുകള്‍ക്ക് എന്തൊരു സുഗന്ധമാണ്! മഴ തകര്‍ത്തു പെയ്താല്‍, പൂക്കള്‍ വലുതായി കഞ്ഞി വീഴ്ത്തിനുള്ള കുഴികളാവും. മഴ നിന്നു കഴിയുമ്പോള്‍ വെള്ളം മെല്ലെ ഇറങ്ങിപ്പോവുന്നത് കാണാം. കുറെ നാള്‍ കഴിയുമ്പോള്‍, അവിടെ കുഴിയാനകള്‍ കുഴികള്‍ തീര്‍ക്കുന്നു.

മഴ തുടങ്ങുന്നത് ഒരു പ്രത്യേക താളത്തിലാണ്. കാറ്റു കുളിരുന്ന സമയത്ത് അറിയാം., മഴ വരികയായി. മാനത്തിന്റെ മുഖം ഇരുണ്ടു വരും. വയസ്സന്‍ തെങ്ങുകള്‍ ആടിയാടി കോമരം കളിക്കും. മുത്തശനാല് ഇലകള്‍ കൊണ്ടു "ശീ..." എന്ന് കാട്ടി പേടിപ്പിക്കും. പിന്നെ ദൂരെ നിന്നു ഒരു "ഹാ...." എന്ന് വിളി കേള്‍ക്കാം. മെല്ലെ മെല്ലെ അത് അടുത്ത് വന്ന് ഒടുവില്‍ ഒരായിരം നൂലുകളായി മഴത്തുള്ളികളുടെ ഉത്സവം തുടങ്ങുകയായി ! "തത്തി തത്തി.." എന്ന് പെയ്തു തുടങ്ങുന്ന തുള്ളികളുടെ വലിപ്പം പയ്യെപ്പയ്യെ കൂടി വരുന്നു. ചെമ്മണ്‍പാതയോരത്ത് ആരുവികള്‍ രൂപപ്പെടുന്നു. അമ്മയുടെ ശകാരം കെട്ട് വീട്ടിനുള്ളില്‍ കയറുമ്പോള്‍ തലമുടിയില്‍ നനവുണ്ടാവും. പുറത്തു കൊമരങ്ങളെയും മുത്തശ്ശന്മാരെയും കുളിപ്പിച്ച് മഴ തകര്‍ക്കുന്നുണ്ടാവും. കൊതി തീരും വരെ മഴ പുറത്തുണ്ടാകും.
മുന്നിലുള്ള സിഗ്നല്‍ പച്ചയായി. നനഞ്ഞ റോഡില്‍ ഇരുകാലികളുടെ എണ്ണം കുറവാണ്. അതിനാല്‍ പേടിക്കാതെ ഓടിച്ചു തുടങ്ങി. ഇവിടെ കൊമരങ്ങള്‍ കുറവാണ്. മുത്തശ്ശന്മാര്‍ കുരുന്നുകളുടെ ചാപല്യങ്ങള്‍ സഹിക്ക്യ വയ്യാതെ നാടു വിട്ടിരിക്കുന്നു. ഉള്ളത് കുറെ റോഡുകളും പാലങ്ങളും! കോരിചൊരിയുന്ന മഴയത്ത് കൃഷ്ണരാജപുരം ഫ്ലൈ ഓവര്‍ യാത്ര ബഹുരസമാണ്. മുന്നിലും പിന്നിലും മുകളിലും മഴ മാത്രം. റോഡിലെ ഭേദകതിനപ്പുറത്തു നിന്നു പോകുന്ന കൂറ്റന്‍ ലോറികള്‍ കാട്ടുന്ന നേര്‍ത്ത വെളിച്ചം ഒഴിച്ചാല്‍ എല്ലാം ജലമയം. ചിലപ്പോള്‍, ഭീമന്‍ തുള്ളികള്‍ കാറിന്റെ ഗ്ലാസ്‌ പൊട്ടിച്ചു വന്നു വിഴുങ്ങിക്കളയും എന്ന് വരെ തോന്നും. "ഡിവൈഡാര്‍" പോലും കണ്ണില്‍ നിന്നു മറയും. കാറിന്റെ വെളിച്ചം തെളിച്ചു ഫ്ലൈ ഓവറിനു താഴെ വരുമ്പൊഴെക്കും മഴ കുറഞ്ഞു വരും. "ശ്ശെ! കഷ്ടമായി" എന്നു പറയും മുന്പു തന്നെ മഴ ഓടിയൊളിക്കും. ഇന്നും സ്ഥിതി മറിച്ചല്ല. "മണ്ണാങ്കട്ട!" ആശാഭംഗത്തോടെ ഞാന്‍ കാര്‍ തിരിച്ചു.

Sunday, August 16, 2009

ഞാന്‍

ഞാനൊരു മണ്ണാംകട്ട! അസ്തിത്വത്തെ തിരഞ്ഞു നടന്ന്, അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്ന അഹംകാരത്തിന്റെ ഒരു പ്രതിരൂപം! യാത്രക്കിടയിലെ കാഴ്ചകള്‍ പലപ്പോളും എന്നെ പിടിച്ചു നിര്‍ത്തുന്നു. അങ്ങനെ പകച്ചു നില്‍ക്കുമ്പോള്‍ എന്റെ മനസ്സു വളരുന്നു. അങ്ങനെ എന്റെ വലിപ്പവും കൂടുന്നു. പക്ഷെ അപ്പോളെല്ലാം അജ്ഞാതമായ ഏതോ ഒരു ലക്ഷ്യം എന്നെ പിടിച്ചു വലിക്കുന്നു! എന്റെ യാത്ര തുടരുന്നതിനോടൊപ്പം എന്നിലെ പൂഴി കുറേശ്ശേയായി അടര്‍ന്നു വീഴുന്നു! അലിഞ്ഞു തീരും മുമ്പ് ഞാനീ ഭുലോകത്തില്‍് ഉണ്ടായിരുന്നു എന്നതിന്റെ തെളിവിനായി എന്റെ ധൂമ രേഖകള്‍ ഇവിടെ വരച്ചിടട്ടെ !